Thursday, October 10, 2024

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം

 "ജീവിതം അതിൻ്റെ പരിപൂർണ്ണതയിൽ ജീവിക്കുക". Live life in its fullness- എന്ന ആപ്തവാക്യത്തിന് ഏറെ പ്രസക്തിയുള്ള ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വ്യക്തിയുടെയും കുടുംബത്തിന്റെയും ധാർമികവും മാനസികവും ആത്മീയവുമായ സമഗ്ര വളർച്ചയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട്, നമ്മുടെ ഓരോരുത്തരുടെയും പ്രശ്നങ്ങൾക്കുള്ള ഉത്തരം നമ്മിൽ തന്നെയുണ്ട് എന്ന അവബോധം സൃഷ്ടിക്കുന്നതിനായി 1992 ൽ, വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്തും, ലോകാരോഗ്യ സംഘടനയും കൂടി ഒക്ടോബർ മാസം പത്താം തീയതി ലോക മാനസികാരോഗ്യ ദിനമായി ആചരിച്ചു തുടങ്ങി.നം 


 "ജോലിസ്ഥലത്ത് മാനസികാരോഗ്യം വീണ്ടെടുക്കേണ്ട സമയമാണിത്" എന്നതാണ് 2024 ലെ മാനസികാരോഗ്യ ദിനത്തിൻ്റെ പ്രമേയം. 

മലയാളിയായ അന്നാ സെബാസ്റ്റ്യൻ ജോലി സമ്മർദ്ദം താങ്ങാനാകാതെ ഹൃദയാഘാതം മൂലം മരണപ്പെട്ട സാഹചര്യത്തിൽ അങ്ങേയറ്റം പ്രസക്തമാണ് ഈ വർഷത്തെ പ്രമേയം.  ജോലി സമ്മർദ്ദം എന്നത് ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു പകർച്ചവ്യാധിയാണെന്നു തന്നെ പറയാം. ഏതൊരു ജോലിയിലും സമ്മർദ്ദങ്ങൾ ഉണ്ടാകുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാൽ ആ സമ്മർദ്ദങ്ങൾ അതിരുവിടുമ്പോൾ മനുഷ്യൻ്റെ ജീവിതം താളം തെറ്റുന്നു. അധികഠിനമായ ജോലി സമ്മർദ്ദമുള്ള ഒരാൾക്ക് തന്റെ വീട്ടിലും, സമൂഹത്തിലും കൃത്യതയോടെ ഇടപെടാനുള്ള സാധ്യത കുറയുന്നു. അയാൾ ഒരിക്കലും പുറത്തിറങ്ങാൻ ആകാതെ ഒരു മരണ കിണറിൽ അകപ്പെട്ട പോലെ ജീവിതത്തെ തള്ളി നീക്കുന്നു. അമിതമായ ജോലി സമ്മർദ്ദം എങ്ങനെയാണ് ഒരു വ്യക്തിയിൽ പ്രതിഫലിക്കുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങളാകും ആദ്യം ഒരാളിൽ പ്രകടമായി കാണാൻ സാധിക്കുക. അകാരണമായ ദേഷ്യം, അകാരണമായ സങ്കടം, സാമൂഹ്യ ഇടപാടുകൾ കുറയുക, ഒന്നിലും തൃപ്തിയില്ലാതാകുക, ഉറക്കമില്ലായ്മ, പ്രതീക്ഷകൾ നഷ്ടപ്പെടുക, ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുക തുടങ്ങിയ അവസ്ഥകളിലൂടെ ഒരു വ്യക്തി കടന്നുപോയേക്കാം. 


ജോലി ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്, അല്ലാതെ ജീവിക്കുന്നത് ജോലിക്ക് വേണ്ടിയല്ല എന്നുള്ള ബോധ്യം നമുക്ക് ഓരോരുത്തർക്കും ഉണ്ടാവേണ്ടതാണ്. തന്റെ ഗുണമേന്മയുള്ള ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ജോലികൾ ഏറ്റെടുക്കാതിരിക്കുന്നതും, സമ്മർദ്ദമുള്ള ജോലികളിൽ ഏർപ്പെടുന്നവർ നിർബന്ധമായും ശാരീരിക മാനസിക ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വച്ചുപുലർത്തേണ്ടതുമാണ്. 


ജോലി സമ്മർദ്ദം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ആത്മഹത്യയിലേക്ക് ഒരു മനുഷ്യനെ കൊണ്ടെത്തിക്കുന്നു. ആത്മഹത്യ പ്രായഭേദമെന്യേ കൂടുന്നുവെന്നത് വലിയ പ്രാധാന്യത്തോടെ കണക്കാക്കേണ്ട വസ്തുതയാണ്. കേരളത്തിലെ ആത്മഹത്യ നിരക്കുകൾ കുത്തനെ കൂടുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.  2021ൽ 9549 എന്ന നിരക്കിൽ നിന്ന്, 2024 ൽ10000 നു മുകളിലേക്ക് കേരളത്തിലെ ആത്മഹത്യ നിരക്ക് കൂടിയിരിക്കുന്നു. സാമ്പത്തിക അച്ചടക്കമില്ലായ്മ, വ്യക്തിജീവിതത്തിൽ അച്ചടക്കമില്ലായ്മ  എന്നിവയൊക്കെയും വലിയ മാനസിക പ്രതിസന്ധികൾക്കു കാരണമാകുന്നു. 


ശാരീരിക വിഷമതകൾ ഉണ്ടാകുമ്പോൾ വൈദ്യസഹായം തേടുന്നത് പോലെ തന്നെ, മാനസിക വിഷമതകൾക്കും കൃത്യമായ സഹായം ലഭ്യമാക്കുക എന്നതിലേക്ക് നമ്മുടെ നാടും എത്തിച്ചേരേണ്ടതുണ്ട്.  

മാനസികാരോഗ്യ സംരക്ഷണത്തിനായി നിരവധി മാർഗങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്. ശ്വസനക്രിയ നമുക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സ്ട്രെസ്സ് റിലീഫ് മാർഗമാണ്. അതിന് പ്രത്യേക പരിശീലനം ആവശ്യമില്ല. നിയന്ത്രിതമായ അളവിൽ ശ്വാസത്തെ ക്രമീകരിക്കലാണ് ബ്രീത്തിങ് എക്സർസൈസ്. സാവകാശം ശ്വാസം എടുത്തും, പിടിച്ചുനിർത്തിയും,  പുറത്തേക്ക് വിട്ടും നമുക്ക് ശ്വാസഗതിയെ നിയന്ത്രിക്കാം. ശരീരത്തിൽ അതുണ്ടാക്കുന്ന പ്രതിഫലനം വലുതാണ്. പേശികളെ റിലാക്സ് ചെയ്യിപ്പിക്കാനും, അല്പനേരത്തേക്ക് സമ്മർദ്ദ കാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, ഹൃദയമിടിപ്പ് താളാത്മകമാക്കുവാനുമത് സഹായകരമാണ്. മൈൻഡ്ഫുൾ പ്രാക്ടീസ് ഇതുപോലെ നമുക്ക് നിത്യജീവിതത്തിൽ നടപ്പിലാക്കാവുന്ന ഒരു കാര്യമാണ്. നമ്മുടെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളെ ഓർത്തെടുക്കുവാനും, അതിനെ ആസ്വദിക്കുവാനും നാം ചെയ്യുന്ന പ്രാക്ടീസാണിത്. നമ്മൾ കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ ആസ്വദിച്ച്, അതിൻ്റെ യഥാർത്ഥ രുചി ഉൾക്കൊണ്ട്, നന്ദിപൂർവ്വം കഴിക്കുമ്പോൾ സമ്മർദ്ദങ്ങൾ ലഘൂകരിക്കപ്പെടുന്നു. ജീവിതത്തിൻറെ പ്രതിസന്ധിയെക്കുറിച്ചും, പോസിറ്റീവായ കാര്യങ്ങളെക്കുറിച്ചും ജേണൽ എഴുതുന്നതും, കണ്ണാടിയിൽ നോക്കി നാം നമ്മെ തന്നെ അഭിനന്ദിക്കുന്നതും, അർഹിക്കുന്ന അവധികൾ ജോലി സ്ഥലത്തുനിന്ന് എടുക്കുന്നതും, നിരന്തരം ഇടപെടുന്ന ചുറ്റുപാടുകളിൽ നിന്ന് അല്പം മാറി നിൽക്കുന്നതും, യാത്രകൾ ചെയ്യുന്നതും മാനസിക സമ്മർദ്ദത്തെ ലഘൂകരിക്കാൻ സഹായിക്കും. 


മറ്റൊരാളിൽ നിന്നും മാനസിക പിൻബലം ആവശ്യമുള്ളപ്പോൾ തേടുക എന്നത് ഒരിക്കലും ഒരു ദുർബലതയല്ല, മറിച്ച് അത് ഒരു വ്യക്തിയുടെ ആത്മബലം ആണ്.  ചുറ്റുപാട് സമ്മർദ്ദങ്ങൾ നൽകുമ്പോൾ അതിജീവനം വ്യക്തിപരമായി ചെയ്യേണ്ടതാണ്. നല്ല ശരീരത്തിന് നല്ല മനസ്സിനെ കൊണ്ട് നടക്കാൻ കഴിയും. നേരെ തിരിച്ചും, നല്ല മനസ്സുണ്ടെങ്കിൽ ആരോഗ്യമുള്ള ശരീരമുണ്ടാകും. ജീവിതത്തിൻ്റെ വെല്ലുവിളികളെ ധീരതയോടെ നേരിടാനാവട്ടെ!


- Navadarsan Team 10/10/24

No comments:

Post a Comment

Logotherapy

 Logotherapy Logotherapy is a type of psychotherapy that helps people find meaning in their lives and cope with challenges. It was developed...